കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് 16 സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്ക് ഇത്തവണ സീറ്റില്ല.
ദിവ്യയെ ഒഴിവാക്കിയതിന് നവീൻ ബാബു കേസുമായി ബന്ധമില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെകെ രത്‌നകുമാരിയും മൽസരിക്കുന്നില്ല. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ അംഗങ്ങളിൽ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ മാത്രം വീണ്ടും മൽസരിക്കും.
കഴിഞ്ഞ ഭരണസമിതി ഉടച്ച് വാർത്ത സിപിഎം രണ്ട് പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പടെ മുതിർന്ന നേതാക്കൾ മൽസരിപ്പിക്കുന്നു. എസ്എഫ്ഐ മുൻ സംസ്‌ഥാന പ്രസിഡണ്ട് കെ. അനുശ്രീ ഇക്കുറി മൽസരിക്കും. കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് എവി ലേജു, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പിപി റെജി എന്നിവർ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്നുണ്ട്.
കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബിരുദ വിദ്യാർഥിനി നവ്യ സുരേഷ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. 25 ഡിവിഷനിൽ 16 ഡിവിഷനുകളിൽ സിപിഎം സ്‌ഥാനാർഥികളാണ് മൽസരിക്കുന്നത്. എല്ലാ സീറ്റിലും ജയിക്കുമെന്ന് ഉറപ്പാണെന്ന് കെകെ രാഗേഷ് പറഞ്ഞു.
Most Read| ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു








































