കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് പിണറായി കായലോട് പറമ്പായി സ്വദേശിനി റസീന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നു. സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
റസീനയുടെ സുഹൃത്ത് മയ്യിൽ സ്വദേശി റഹീസ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. സംഘം ചേർന്ന് തടഞ്ഞുവെച്ചെന്നും മർദ്ദിച്ചെന്നും ആരോപിച്ചായിരുന്നു ഇവർക്കെതിരെ റഹീസ് പരാതി നൽകിയത്. യുവതിയുടെ ആത്‍മഹത്യാ കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ നേരത്തെ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു.
പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വിസി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെഎ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വികെ റാഫ്‌നാസ് (24) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെ (40) ചൊവ്വാഴ്‌ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
റസീന ആൺസുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിൽ എത്തിയ പ്രതികൾ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്‌തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും റസീനയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത ആത്‍മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന സുഹൃത്ത് റഹീസ് കഴിഞ്ഞദിവസം പിണറായി പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയും മറ്റു രണ്ടുപേർക്കെതിരെ കൂടി പരാതി നൽകുകയും ചെയ്യുകയായിരുന്നു. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്നെത്തിയവർ റഹീസിനെ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് എഫ്‌ഐആർ.
ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അതേസമയം, റഹീസിനെതിരെ റസീനയുടെ ഉമ്മ ഫാത്തിമ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. റസീനയുടെ പണവും സ്വർണവും കൈക്കലാക്കി റഹീസ് ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഉമ്മ നൽകിയ പരാതിയിൽ പറയുന്നത്.
Most Read| സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ; വമ്പൻ കരാറിന് അംഗീകാരം, ലക്ഷ്യം ഭീകരവേട്ട