കാസർഗോഡ്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനം. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ബിസിഎ ആറാം സെമസ്‌റ്റർ ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ടാണ് നടപടി.
കോളേജിന് ഒന്നരലക്ഷം രൂപ പിഴ ചുമത്താനും തീരുമാനിച്ചു. സിൻഡിക്കേറ്റ് ഉപസമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ ഗ്രീൻവുഡ്‌സ് കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജ് പി അജീഷിനെ കഴിഞ്ഞമാസം മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഇദ്ദേഹത്തെ അഞ്ചുവർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റി നിർത്താനും തീരുമാനിച്ചിരുന്നു. സംഭവത്തിൽ അജീഷിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. ഒമ്പത് വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്‌സ് ആപ് ഗ്രൂപ്പിൽ പരീക്ഷയ്‌ക്ക് ഒരുമണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്‌റ്റ് ചെയ്‌തെന്നാണ് സർവകലാശാല കണ്ടെത്തിയത്.
കണ്ണൂർ സർവകലാശാല അവസാന സെമസ്‌റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർത്തിയത്. അജീഷിനെതിരെ കേസെടുത്തതിന് പിന്നാലെ വാട്‌സ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടുവരെയായിരുന്നു ബിസിഎ പരീക്ഷ. സർവകലാശാല പരീക്ഷാ സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യക്കടലാസ് ചോർന്നതായി കണ്ടെത്തിയത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ