കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായി കാന്തപുരം അറിയിച്ചു. എക്‌സ് പോസ്‌റ്റ് പിൻവലിച്ചത് വാർത്താ ഏജൻസിയാണെന്നും ഓഫീസ് അറിയിച്ചു.
ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതുമായി ബന്ധപ്പെട്ട വാർത്ത കാന്തപുരത്തിന്റെ ഓഫീസ് പുറത്തുവിട്ടത്. എന്നാൽ, വാർത്ത കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിഷേധിച്ചു. ഇതോടെ, ഇക്കാര്യത്തിൽ അവ്യക്‌തത ഉടലെടുത്തിരുന്നു. അതിനിടെ, നിമിഷ പ്രിയയുടെ ഭർത്താവും മകളും യെമനിൽ എത്തിയിട്ടുണ്ട്.
ഈ മാസം 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് മതപണ്ഡിതൻമാർ ഉൾപ്പെട്ട ചർച്ചയിലാണ് വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചതെന്നാണ് വിവരം. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി