നടൻ മുസ്‌തഫ സംവിധാനം ചെയ്‌ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രം ‘കപ്പേള‘ തെലുങ്കിലേക്ക്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തിയേറ്ററിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്ന ചിത്രം പിന്നീട് ഓൺലൈൻ പ്ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റുകയായിരുന്നു. ഇതോടെ ചിത്രം അന്യഭാഷകളിലും തരംഗമായി.
മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രത്തെ തെലുങ്കിൽ അനിഖ സുരേന്ദ്രനാണ് അവതരിപ്പിക്കുന്നത് എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അനിഖയുടെ നായികയായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സിത്താര എന്റർടൈൻമെന്റ്സ് ചിത്രം നിർമ്മിക്കും. നേരത്തെ യുവതാരം വിശ്വക് സെൻ ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംവിധായകൻ മുസ്‌തഫ തന്നെയാണ് കപ്പേളയുടെ രചനയും നിവഹിച്ചത്. അന്ന ബെൻ, ശ്രീനാഥ് ഭാസി , റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവഹിച്ചത്. സംഗീതം സുഷിൻ ശ്യാം.
Read Also: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും







































