ന്യൂഡെൽഹി: കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം. യുദ്ധ വിജയത്തിന്റെ 25ആം വാർഷികദിനത്തിൽ ദ്രാസ് യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദാരാഞ്‌ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്‌ടറുകൾ യുദ്ധ സ്‌മാരകത്തിന് മുകളിൽ പുഷ്‌പവൃഷ്‌ടി നടത്തി.
സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി സന്ദർശിക്കും. കാർഗിൽ യുദ്ധവിജയത്തിന്റെ 25ആം വാർഷികത്തിന്റെ ഭാഗമായി സ്‌റ്റാമ്പും പുറത്തിറക്കും. ലഡാക്കിൽ നിന്നും കശ്‌മീരിൽ നിന്നും നിരവധിയാളുകൾ പരിപാടിക്ക് എത്തിയിട്ടുണ്ട്. ദ്രാസിലെ യുദ്ധസ്‌മാരകത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികൾ നടത്തിയിരുന്നു. യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെയും ആദരിച്ചിരുന്നു.
ഇന്ത്യയുടെ അഭിമാനത്തിന്റെ ത്രിവർണ പതാക കാർഗിലിലെ മലമുടിയിൽ ഉയർന്നു പാറിയ ദിവസമാണ് 1999 ജൂലൈ 26. ആണവ ശക്‌തികളായ ഇന്ത്യയും പാകിസ്‌ഥാനും 1999 മേയ് മുതൽ 60 ദിവസം യുദ്ധം ചെയ്‌തപ്പോൾ നമുക്ക് നഷ്‌ടമായത് 527 ധീര ജവാൻമാരെയാണ്. സൈനികരുടെ സ്‌മരണയ്‌ക്കായി ഇന്ത്യൻ സൈന്യം നിർമിച്ച സ്‌മാരകമാണ് ദ്രാസ് യുദ്ധ സ്‌മാരകം എന്നറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്‌മാരകം.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്‌മാരകം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, ഷിങ്കുൻ- ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് തുടക്കമിടും. പദ്ധതിയിൽ നിമ്മു- പദും ദാർച്ച റോഡിൽ ഏകദേശം 15,800 ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കവും ഉൾപ്പെടുന്നുണ്ട്. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇത് മാറുകയും ചെയ്യും.
Most Read| കായിക മാമാങ്കത്തിന് പാരിസിൽ തിരിതെളിയും; 33ആം ഒളിമ്പിക്‌സിന് ഇന്ന് തുടക്കം








































