കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്‌ഥലത്ത് നിന്നും വിമാന ഭാഗങ്ങള്‍ മാറ്റുന്നതിനും, സൂക്ഷിക്കുന്നതിനും വന്‍ ചിലവ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തിയതിനും, ക്രയിന്‍ ഉപയോഗിച്ച് സംഭവസ്‌ഥലത്ത് നിന്നും മാറ്റിയതിനും ഏകദേശം ഒരു കോടിയോളം രൂപ ചിലവായെന്നാണ് ലഭിക്കുന്ന വിവരം. മുറിച്ചു മാറ്റിയ വിമാന ഭാഗങ്ങള്‍ സൂക്ഷിക്കുന്നതിന് ഇനിയും ചിലവ് വര്‍ധിക്കും.
വിമാനത്താവളത്തിന്റെ സിഐഎസ്എഫ് ബാരക്ക് സമീപത്തേക്കാണ് മുറിച്ചു മാറ്റിയ വിമാന ഭാഗങ്ങൾ മാറ്റിയിരിക്കുന്നത്. ഇനി ഇവ സുരക്ഷിതമായി സൂക്ഷിക്കാന്‍ മേല്‍ക്കൂര നിര്‍മ്മിക്കേണ്ടി വരും. 12 ദിവസത്തോളം നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് വിമാന ഭാഗങ്ങള്‍ സുരക്ഷിതമായ സ്‌ഥലത്തേക്ക് മാറ്റിയത്.
30 സാങ്കേതിക വിദഗ്‌ദർ, എയര്‍ ഇന്ത്യ, ബോയിങ്, എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിമാന ഭാഗങ്ങള്‍ മാറ്റി സ്‌ഥാപിക്കുന്ന പ്രവര്‍ത്തനം നടന്നത്. ബാരക്കിന് സമീപം ഒരുക്കിയ കോണ്‍ക്രീറ്റ് പ്രതലത്തിലേക്കാണ് വിമാന ഭാഗങ്ങള്‍ മാറ്റിയത്. ഇവ കൂടുതല്‍ ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നാല്‍ സ്‌ഥലത്തിന്റെ വാടക ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇനിയും വലിയ ചിലവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ഓഗസ്‌റ്റ് മാസം 7 ആം തീയതിയാണ് ദുബായില്‍ നിന്നും എത്തിയ വിമാനം കരിപ്പൂരില്‍ വച്ച് അപകടത്തില്‍ തകര്‍ന്നത്.
Read also : കാക്കൂർ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ആരംഭിച്ചു







































