തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോർട് രജിസ്‌ട്രാർ കേരള സർവകലാശാല വിസിക്ക് സമർപ്പിച്ചു. ക്യാമ്പസ് ഹോസ്‌റ്റലിൽ ഇടിമുറി ഇല്ലെന്നാണ് കമ്മീഷന്റെ റിപ്പോർട്.
കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണ റിപ്പോർട് തയ്യാറാക്കിയത്. സാഞ്ചോസിനൊപ്പം പുറത്തുനിന്നുള്ള വ്യക്‌തി ക്യാമ്പസിൽ എത്തിയതാണ് തർക്കത്തിന് കാരണമെന്നാണ് കമ്മീഷന്റെ റിപ്പോർട്ടിലുള്ളത്.
ഹോസ്‌റ്റലിലുള്ള സഹോദരിയെ കാണാനാണ് വന്നതെന്നാണ് സാഞ്ചോസിനൊപ്പം ഉണ്ടായിരുന്നയാൾ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത്. എന്നാൽ, അങ്ങനെയൊരു സഹോദരി അവിടെ പഠിക്കുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഹോസ്‌റ്റലിലേക്കെന്ന് പറഞ്ഞുപോയ സാഞ്ചോസും സുഹൃത്തും ക്യാമ്പസ് റൗണ്ടിന് പരിസരത്തേക്കാണ് പോയത്. അതിനുശേഷം സാഞ്ചോസിനൊപ്പം ഈ സുഹൃത്തും ഹോസ്‌റ്റലിന് മുന്നിൽ വന്നു. ഈ സമയം ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ പുറത്തുനിന്നുള്ളയാൾ ആരാണെന്ന് ചോദിക്കുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്.
മറ്റുള്ള വാർത്തകൾ മാദ്ധ്യമസൃഷ്‌ടിയാണ്. പുറത്തുനിന്നുള്ള വിദ്യാർഥികളോ കോഴ്‌സ് കഴിഞ്ഞവരോ ഹോസ്‌റ്റലിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെ, അന്വേഷണ സമിതി റിപ്പോർട് തള്ളി കെഎസ്‌യു രംഗത്തെത്തി. എസ്എഫ്ഐയെ എക്കാലത്തും സംരക്ഷിക്കുന്ന സമിതി അംഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഒരു റിപ്പോർട് വന്നില്ലെങ്കിലേ അൽഭുതം ഉള്ളൂവെന്നും സമിതി അംഗങ്ങളുടെ രാഷ്‌ട്രീയ പശ്‌ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ഗോപു പ്രതികരിച്ചു.
Most Read| നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്