ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ അന്യ മതത്തിൽ പെട്ട യുവതിയുമായി യാത്ര ചെയ്തതിന് 23കാരൻ നേരിട്ടത് ക്രൂര മർദ്ദനം. സഹപാഠികളായ കുട്ടികൾ സഞ്ചരിച്ച ബസ് തടഞ്ഞ് നിർത്തുകയും ഇരുവരെയും പിടിച്ചിറക്കുകയും ആയിരുന്നു. തുടർന്ന് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ എട്ട് പേരെയോളം കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് മംഗളൂരു പോലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു. ബജ്റംഗ് ദൾ സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നാല് പേർ കാറിൽ എത്തിയാണ് ബസ് തടഞ്ഞ് നിർത്തിയത്. മർദ്ദിച്ചത് കൂടാതെ യുവാവിന്റെ ഇടുപ്പിന് കുത്തേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. സ്ഥലം പരിചയമില്ലാത്തതിനാൽ തന്റെ സുഹൃത്തായ യുവാവിനെ ഒപ്പം കൂട്ടുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഇരുവരും സഹപാഠികളാണെന്നും യുവാവിനെ വർഷങ്ങളായി അറിയാമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇരുവരും ബസിൽ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത് ആരാണെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും സമാനമായ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കിയ ശേഷം സാമുദായിക സംഘർഷങ്ങൾ സംസ്ഥാനത്ത് വർധിച്ച് വരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള് ഒരുമിക്കണം; സഞ്ജയ് റാവത്ത്





































