ചെറുപുഴ: കർണാടക വനംവകുപ്പ് തേജസ്വിനി പുഴയുടെ തീരം വരെ കൈയേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വനത്തിന് സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടെയാണ് കേരളത്തിലൂടെ ഒഴുകുന്ന തേജസ്വിനി പുഴയുടെ തീരത്ത് കർണാടക അതിർത്തിക്കല്ല് സ്ഥാപിച്ചത്.
ഇത് ചോദ്യം ചെയ്യാൻ പോലും കേരളത്തിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തത് ഒത്തുകളിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏഴിമല-പയ്യന്നൂർ-പുളിങ്ങോം-ഭാഗമണ്ഡലം സംസ്ഥാനാന്തര പാതയുടെ പേരിൽ തേജസ്വിനി പുഴയുടെ പുളിങ്ങോം ഭാഗത്ത് കൂറ്റൻ പാലം നിർമിച്ചതും ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരോപണം. അനുമതി ലഭിക്കാത്ത പാതയുടെ പുളിങ്ങോം ഭാഗത്ത് എന്തിന് പാലം നിർമിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല. കേരളം നിർമിച്ച പാലം കൊണ്ട് ഇപ്പോൾ കർണാടക വനംവകുപ്പിന് മാത്രമാണ് ഗുണമുള്ളത്. ഇവർക്ക് എപ്പോൾ വേണമെങ്കിലും പാലം കടന്ന് കേരളത്തിലേക്ക് പ്രവേശിക്കാം.
എന്നാൽ, മലയാളികൾക്ക് പാലത്തിന് അപ്പുറം കടക്കാൻ കർണാടക വനംവകുപ്പിന്റെ അനുമതി വേണം. ഇതോടെ ആറാട്ട്കടവ് കോളനിയിൽ താമസിക്കുന്നവർക്ക് കാൽനട മാത്രമാണ് ഏക ആശ്രയം. പുഴ കടന്ന് കിലോമീറ്ററുകൾ യാത്ര ചെയ്താണ് കോളനി വാസികൾ ഇപ്പോൾ പുളിങ്ങോം ടൗണിൽ എത്തുന്നത്. അതിർത്തിയെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ഇവിടേക്ക് പോലീസിനെയും പഞ്ചായത്തിനെയും അറിയിക്കാതെ റവന്യൂ ഉദ്യോഗസ്ഥർ എത്തിയതിലും ദുരൂഹതയുണ്ട്.
Most Read: വിശ്വസുന്ദരിപട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്







































