ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്‌ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടുദിവസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു.
ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്ര റാവു കർണാടക സ്‌റ്റേറ്റ് പോലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്‌ട്രെക്ച്ചർ ഡെവലപ്പ്മെന്റ് കോർപറേഷന്റെ മാനേജിങ് ഡയറക്‌ടറാണ്.
ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്‌തയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്.
സ്വർണക്കടത്തിൽ പ്രോട്ടോകോൾ അവകാശങ്ങൾ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്‌ത അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, രന്യയുടെ സ്വർണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
ദുബായിൽ നിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് രന്യ റാവുവിനെ ഡിആർഐ സംഘം പിടികൂടിയത്. തുടർന്ന് നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുകോടിയോളം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. നിലവിൽ ഡിആർഐയുടെ കസ്‌റ്റഡിയിലാണ് രന്യ.
Most Read| വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം; സൂചന നൽകി ട്രംപ്