ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷയുടെ അടിസ്‌ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്ന് പറഞ്ഞ കോടതി, നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാമായിരുന്നു. എന്ത് അടിസ്‌ഥാനത്തിലായിരുന്നു പ്രസ്‌താവനയെന്നും കോടതി ചോദിച്ചു. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്‌താവന നടത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജലം, ഭൂമി, ഭാഷ ഇവ പൗരൻമാരുടെ വികാരമാണ്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് വാശി കാണിക്കുന്നത്. കർണാടകയിൽ നിന്ന് കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണം.
കമൽഹാസൻ ഒരു സാധാരണ വ്യക്‌തി അല്ല. ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും അതിനാൽ കമൽഹാസൻ മാപ്പ് പറയുന്നതാണ് ഉചിതമെന്നും ജസ്‌റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു. തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിന് അനുമതി തേടിയാണ് കമൽഹാസൻ ഹൈക്കോടതിയെ സമീപിച്ചത്.
കന്നഡയുടെ ഉൽപ്പത്തി തമിഴിൽ നിന്നാണെന്ന കമൽഹാസന്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ മാപ്പ് ആവശ്യപ്പെട്ടതും സമയപരിധി നൽകിയതും. പ്രസ്‌താവനയ്‌ക്കെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധവും ഉടലെടുത്തിരുന്നു. എന്നാൽ, ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്‌തമാക്കിയിരുന്നു. ഇതോടെ, ‘തഗ് ലൈഫി’ന്റെ റിലീസിന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ