കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഎമ്മിനെയും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എസി മൊയ്‌തീൻ, എംഎം വർഗീസ്, കെ രാധാകൃഷ്‌ണൻ എംപി എന്നിവർ ഉൾപ്പടെ 27 പേരെ പുതുതായി പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്‌ഥനായ നിർമൽ കുമാർ മോഷ ആണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽ നിന്ന് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
അടുത്തിടെ കെ രാധാകൃഷ്‌ണൻ എംപിയെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്‌തത് രാഷ്‌ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. രാധാകൃഷ്‌ണനെ കേസിൽ സാക്ഷിയാക്കുമെന്നായിരുന്നു പ്രചരണമെങ്കിലും ഇപ്പോൾ 70ആം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എസി മൊയ്‌തീൻ 67ആം പ്രതിയും എംഎം വർഗീസ് 69ആം പ്രതിയുമാണ്.
ഇഡി മുൻപ് ചോദ്യം ചെയ്‌ത മുൻ എംപി പികെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എംകെ കണ്ണൻ തുടങ്ങിയവരെ പ്രതിചേർത്തിട്ടില്ല. സിപിഎമ്മിനെ കേസിൽ 68ആം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം, പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന എആർ പീതാംബരൻ, എംബി രാജു, കെസി പ്രേമജൻ എന്നിവരും കേസിലെ പ്രതികളാണ്.
കരുവന്നൂർ കേസിനെ മുൻനിർത്തിയുള്ള രാഷ്‌ട്രീയ തർക്കങ്ങൾക്ക് ഒടുവിലാണ് മുതിർന്ന നേതാക്കളെ അടക്കം പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ്. കേസിൽ സിപിഎമ്മിനേയും പ്രതിചേർത്തതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിഷയം പ്രതിഫലിക്കുമെന്നുറപ്പായി.
Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ