തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ആരോപണവുമായി തൃശൂർ സ്വദേശിനി രംഗത്ത്. വായ്‌പ ടേക്ക് ഓവർ ചെയ്‌ത് സതീഷ് കുമാർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് തൃശൂർ സ്വദേശിയായ സിന്ധുവിന്റെ പരാതി. വായ്‌പ എടുത്ത 11 ലക്ഷം രൂപ ബലമായി പിടിച്ചെടുത്തെന്നും രേഖകൾ തട്ടിയെടുത്തെന്നുമാണ് സിന്ധുവിന്റെ ആരോപണം.
കേരള ബാങ്കിന്റെ ശാഖയിൽ സിന്ധുവിന് 18 ലക്ഷത്തിന്റെ വായ്‌പ ഉണ്ടായിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ വായ്‌പ ടേക്ക് ഓവർ ചെയ്യാൻ സതീഷ് കുമാർ സമീപിച്ചു. കേരള ബാങ്കിന്റെ പെരിങ്ങണ്ടൂർ ശാഖയിലേക്ക് വായ്‌പ ടേക്ക് ഓവർ ചെയ്യാനും 35 ലക്ഷം രൂപ വായ്‌പ എടുക്കാനും സതീഷ് കുമാർ നിർബന്ധിച്ചു. അങ്ങനെയെടുത്തതിൽ 11 ലക്ഷം രൂപ സതീഷ് കുമാർ പിടിച്ചുവാങ്ങിയെന്നാണ് സിന്ധു ആരോപിക്കുന്നത്.
ക്ളോസ് ചെയ്‌ത് ടേക്ക് ഓവർ ചെയ്‌ത് കഴിഞ്ഞ ശേഷം ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും സിന്ധു പറയുന്നു. നിലവിൽ 75 ലക്ഷം രൂപയാണ് സിന്ധുവിന്റെ ബാധ്യത. വരുന്ന ബുധനാഴ്‌ച ജപ്‌തി നടപടി ഉണ്ടാവുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും സിന്ധു പറയുന്നു.
അതേസമയം, പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തിരമായി നിക്ഷേപം സ്വീകരിച്ചു കരുവന്നൂർ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചർച്ചകളുമായി സിപിഎമ്മും സർക്കാരും രംഗത്തുണ്ട്.
കരുവന്നൂരിൽ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തിരമായി കണ്ടെത്തേണ്ട പണം സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതാത് ഭരണസമിതികളോട് സഹകരണ മന്ത്രി നേരിട്ട് തിരക്കിട്ട ചർച്ചകൾ നടത്തുന്നുമുണ്ട്.
Film| സസ്‌പെൻസ് ത്രില്ലറുമായി ചാക്കോച്ചൻ; ‘ചാവേർ’ അഞ്ചിന് തിയേറ്ററിലേക്ക്