ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ 175 പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്ത് കശ്‌മീർ പോലീസ്. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.
ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളറിയുമോ, ഇവർക്ക് നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുക. അതേസമയം, കശ്‌മീരിലുടനീളം വ്യാപക തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലും തീവ്രവാദം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും സൈന്യം, രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് തുടങ്ങിയ സുരക്ഷാ സേനകളും പോലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
രാപ്പകലില്ലാതെ തിരച്ചിൽ നടപടികൾ ജാഗ്രതയോടെ പുരോഗമിക്കുകയാണ്. തീവ്രവാദികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനും ജില്ലയെ സുരക്ഷിതമാക്കുന്നതിനുമായി പോലീസ് കോർഡൺ ആൻഡ് സേർച്ച് ഓപ്പറേഷനുകളും (സിഎഎസ്ഒ) പട്രോളിങ്ങും ശക്‌തമാക്കിയിട്ടുണ്ട്.
സംശയാസ്‌പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലയിലുടനീളം കൂടുതൽ മൊബൈൽ വാഹന ചെക്ക് പോയിന്റുകളും (എംവിസിപി) സ്‌ഥാപിച്ചിട്ടുണ്ട്. സംശയാസ്‌പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ റിപ്പോർട് ചെയ്‌ത് സഹകരിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ, ജലം നൽകിയില്ലെങ്കിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തി. ആണവായുധ ഭീഷണിയാണ് പാക്കിസ്‌ഥാൻ മുഴക്കിയിരിക്കുന്നത്. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഭീഷണി.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ