തിരുവനന്തപുരം: കാട്ടാക്കട പരുത്തിപ്പള്ളി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ പ്ളസ് വൺ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ക്ളർക്ക് കെ സനലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാർഥിയോട് സ്വീകരിക്കാൻ പാടില്ലാത്ത സമീപനം ക്ളർക്കിന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് റിപ്പോർട്.
കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ഏബ്രഹാം ബെൻസനെയാണ് സ്കൂൾ വളപ്പിൽ ഈ മാസം 14ന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടർക്ക് വേണ്ടി സ്കൂളിലെത്തിയ അസി. ഡയറക്ടർക്ക് പ്രിൻസിപ്പൽ പ്രീത ബാബു റിപ്പോർട് കൈമാറി. ക്ളർക്കിന് സംഭവിച്ച വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തെയും വിദ്യാർഥികൾക്ക് എതിരായ ക്ളർക്കിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് റിപ്പോർട് നൽകിയിരുന്നു. ഒന്നിലധികം തവണ അച്ചടക്ക നടപടി നേരിട്ടിട്ടുള്ള ക്ളർക്ക്, 2023ൽ ശിക്ഷണ നടപടിയുടെ ഭാഗമായാണ് ഇവിടെ എത്തിയത്. സ്കൂളിൽ പ്രോജക്ട് കൊടുക്കാൻ പോയപ്പോൾ ക്ളർക്ക് പരിഹസിച്ചുവെന്നാണ് ഏബ്രഹാം ബെൻസണിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
അതേസമയം, ഏബ്രഹാം ബെൻസണിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ സ്കൂൾ അധികൃതരും സഹപാഠികളും നാട്ടുകാരും ഉൾപ്പടെ അന്തിമോപചാരം അർപ്പിച്ചു. സ്കൂളിൽ പൊതുദർശനം നടത്താൻ ബന്ധുക്കാൻ അനുവദിച്ചില്ല.
സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രിൻസിപ്പൽ ഉൾപ്പടെ ചിലരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടിയെങ്കിലും നാളെ മുതൽ സ്കൂൾ അധികൃതർ, സഹപാഠികൾ, ഏബ്രഹാമിന്റെ ബന്ധുക്കൾ തുടങ്ങിയവരുടെ മൊഴിയെടുക്കും. ഏബ്രഹാം ബെൻസണിന്റെ സാമൂഹിക അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ





































