കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്‌ചപ്പാടായിരുന്നു സംസ്‌ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. കേരള സിലബസ് പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറയുക എന്ന സ്‌ഥിതിയുണ്ടായിരുന്നു. അത് മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്‌ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.
”കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരത്തിലൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ”- മാദ്ധ്യമ പ്രവർത്തകരെ വിമർശിച്ചു മന്ത്രി പറഞ്ഞു.
കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ആവശ്യത്തിന് എല്ലാം പറഞ്ഞെന്ന് പ്രതികരിച്ചു പോകാൻ ശ്രമിച്ച മന്ത്രിയോട്, കോടതിവിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വലിയ കോടതി ആവേണ്ട എന്നായിരുന്നു ക്ഷുഭിതയായി ബിന്ദുവിന്റെ മറുപടി.
ഇന്നലെ രാത്രിയാണ് പുതുക്കിയ റാങ്ക് ലിസ്‌റ്റ് പുറത്തുവിട്ടത്. മുൻപത്തെ പട്ടികയിലെ അഞ്ചാമനായിരുന്ന തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസുകാരനാണ്. മുൻപട്ടികയിൽ ഒന്നാം റാങ്കുകാരനായ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന് പുതിയ പട്ടികയിൽ ഏഴാം റാങ്കാണ്.
അതേസമയം, കീം പരീക്ഷയിലെ ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും എതിർപ്പ് ഉയർന്നിരുന്നതായാണ് വിവരം. കഴിഞ്ഞമാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാർ സംശയം ഉയർത്തിയത്. പുതിയ മാറ്റം ഈവർഷം തന്നെ വേണോ എന്നായിരുന്നു മന്ത്രിമാർ ചോദിച്ചത്. എന്നാൽ, പൊതുതാൽപര്യത്തിന്റെ പേരിൽ ഒടുവിൽ തീരുമാനം നടപ്പിലാക്കുകയായിരുന്നു.
കീം എഴുതിയ വിദ്യാർഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതിപിടിച്ചുള്ള നടപടിയാണെന്ന ആക്ഷേപത്തിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ ചില മന്ത്രിമാർ ഉന്നയിച്ച സംശയം പുറത്തുവരുന്നത്. ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സർക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!