ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. മാർക്ക് ഏകീകരണവുമായി ബന്ധപ്പെട്ട മാറ്റം അവസാന നിമിഷം വരുത്തിയതിനെ ഇന്ന് ഹരജി പരിഗണിക്കവെ സുപ്രീം കോടതി ചോദ്യം ചെയ്‌തു.
റാങ്ക് ലിസ്‌റ്റ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ടോയെന്ന് അറിയണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്‌തത നൽകാൻ സർക്കാരിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസ് പി. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അതേസമയം, ഓപ്‌ഷൻ നൽകാനുള്ള അവസാന തീയതി ഓഗസ്‌റ്റ് രണ്ടാണെന്ന് സിബിഎസ്ഇ വിദ്യാർഥികളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, പ്രവേശന നടപടികൾ തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പ്രവേശന കാര്യങ്ങളിലെ അനിശ്‌ചിതാവസ്‌ഥ രാജ്യത്ത് ഗുരുതര പ്രശ്‌നം സൃഷ്‌ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പ്രോസ്‌പെക്‌ടസ് പ്രകാരം സർക്കാരിന് ഇതിൽ ഭേദഗതി വരുത്താനും നയപരമായ തീരുമാനമെടുക്കാനും അധികാരമുണ്ടെന്ന് കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ വാദിച്ചു. മുൻവർഷങ്ങളിലെ റാങ്ക് പട്ടിക പരിശോധിച്ചാൽ സിബിഎസ്ഇ വിദ്യാർഥികളാണ് മുന്നിൽ വരുന്നതെന്ന് വ്യക്‌തമാകുമെന്നും, അനുപാതം കണക്കാക്കുന്നതിലെ വ്യത്യാസം കൊണ്ടാണിതെന്നും ഇത് പരിഹരിക്കാൻ വിദഗ്‌ധ സമിതിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ മാറ്റം വരുത്തിയതെന്നും കേരള സിലബസ് വിദ്യാർഥികൾക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, പിഎസ് സുൽഫിക്കർ എന്നിവർ വാദിച്ചു.
കേരള സിലബസിൽ പഠിച്ച് 100% മാർക്ക് നേടിയവർക്ക് മാത്രമാണ് റാങ്ക് പട്ടികയിൽ മുന്നിലെത്താൻ കഴിയുന്നതെന്നും ഈ അസമത്വം മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്നുമായിരുന്നു വാദം. എന്നാൽ, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് കേവലം ഒരു മണിക്കൂർ മുൻപ് മാത്രമാണ് പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അൽജോ കെ. ജോസഫ് വാദിച്ചു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!