കൊച്ചി: മഴ കനത്തതോടെ ഇടുക്കി ഡാം ഉൾപ്പടെ തുറന്ന സാഹചര്യത്തിൽ ആലുവ, കാലടി പ്രദേശത്ത് ജലനിരപ്പ് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിൽ 2018ലേതിന് സമാനമായ പ്രളയ സാഹചര്യം ഉണ്ടായാൽ തടയിടാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആലുവ പ്രദേശത്ത് മൽസ്യതൊഴിലാളികളും തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ പ്രളയ സമയത്ത് ദുരന്തമുഖങ്ങളിൽ സമാനതകളില്ലാത്ത സേവനം കാഴ്‌ചവെച്ച് രാജ്യത്തിന്റെ തന്നെ പ്രശംസ ഏറ്റുവാങ്ങിയ കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ സാന്നിധ്യം ആശങ്കകൾ കുറയ്‌ക്കുന്നു.
കൊച്ചിയുടെ വൈപ്പിൻ, ചെല്ലാനം തീരമേഖലയിൽ നിന്നുള്ള 13 വള്ളങ്ങളാണ് ആലുവ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഓരോ ബോട്ടിലും നാലിലധികം തൊഴിലാളികളുമുണ്ട്. നിലവിൽ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാൽ അതിനെ നേരിടാൻ കലക്‌ടറേറ്റിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് മൽസ്യ തൊഴിലാളികൾ എത്തിയിരിക്കുന്നത്.
ആലുവാപ്പുഴ കവിഞ്ഞ് വെള്ളമെത്തിയാൽ ആളുകളെ ഒഴിപ്പിക്കേണ്ട സ്‌ഥലങ്ങളെല്ലാം കണക്കുകൂട്ടിയാണ് സംഘത്തിന്റെ നിൽപ്. കഴിഞ്ഞ പ്രാവശ്യം പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് എത്തിയ വള്ളങ്ങൾക്ക് ഉണ്ടായ നഷ്‌ടങ്ങൾ പരിഹരിക്കുമെന്ന് വാഗ്‌ദാനങ്ങൾ പാഴായെങ്കിലും ചെയ്യാനുള്ളത് ചെയ്യുമെന്നാണ് മൽസ്യ തൊഴിലാളികളുടെ പ്രതികരണം. അടിയന്തര സാഹചര്യം ഉണ്ടായാൽ കൂടുതൽ വള്ളങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇവർ വ്യക്‌തമാക്കി.
ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം എത്തുമെങ്കിലും കാര്യമായി ജലനിരപ്പ് ഉയരില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും ജില്ലാഭരണകൂടം ഇടപെട്ട് കടുത്ത സുരക്ഷാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്.
Also Read: കിടപ്പുരോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊന്ന സംഭവം; ഭാര്യ കുറ്റം സമ്മതിച്ചു