തിരുവനന്തപുരം: സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ. 24 മുതൽ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാം ദിവസവും ആശമാർ തുടരുന്ന നിരാഹാര സമരത്തിൽ ആരോഗ്യനില വഷളായ ആർ ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. എന്ത് വന്നാലും സമരം ശക്‌തമായി തന്നെ മുന്നോട്ടുകൊണ്ടു പോകുമെന്ന് സമരക്കാർ പ്രതികരിച്ചു.
അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തിൽ കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ഇനിയും അനുമതി തേടുമെന്നും വീണാ ജോർജ് പറഞ്ഞു.
അതിനിടെ, സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണം. കേന്ദ്രവും സംസ്‌ഥാനവും ഓണറേറിയം കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും ചെന്നിത്തല പറഞ്ഞു. ഐഎൻടിയുസി സമരത്തിൽ നിന്ന് മാറിനിന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ആശമാർക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്ത്. ആശമാർക്ക് മാസം 2000 രൂപ അധികം നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിനായി അഞ്ചുലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 15 പേർക്ക് വേതനത്തിനായി 3.6 ലക്ഷവും യൂണിഫോമിന് 1.4 ലക്ഷവും വകയിരുത്തി. അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































