തിരുവനന്തപുരം: സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി സർക്കാർ അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശികയും തീർത്തു. ഇൻസന്റീവിലെ കുടിശികയും കൊടുത്തുതീർത്തുവെന്നാണ് വിവരം.
ഒരുവിഭാഗം ആശാവർക്കർമാർ ദിവസങ്ങളായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെയാണ് സർക്കാർ കുടിശിക കൊടുത്ത് തീർത്തത്. മൂന്ന് മാസത്തെ കുടിശിക അനുവദിക്കണം എന്നതായിരുന്നു സമരക്കാരുടെ ഒരു ആവശ്യം. സമരം തുടങ്ങുമ്പോൾ നവംബർ മുതൽ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്.
സമരം തുടങ്ങി 15ആം ദിവസമാണ് ആദ്യ രണ്ടുമാസത്തെ കുടിശിക നൽകിയത്. അതേസമയം, സമരം തുടരുമെന്ന് ആശാ വർക്കർമാർ പറഞ്ഞു. ഓണറേറിയം കുടിശിക ചെയ്‌ത് തീർത്ത ജോലിക്കുള്ള കൂലിയാണ്. ഓണറേറിയം പ്രതിദിനം 700 രൂപയായി വർധിപ്പിക്കുക, അഞ്ചുലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വർക്കർമാർ മുന്നോട്ടുവെയ്‌ക്കുന്നത്.
അതിനിടെ, ആശാ വർക്കർമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ആശമാർ തൊഴിലാളികൾ ആണെന്ന കാര്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ