തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്‌ധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ പിടിച്ചു വാങ്ങാൻ സ്‌പീക്കർ നിർദ്ദേശം നൽകിയതും നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.
മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തിനെതിരെ ബോഡി ഷെയ്‌മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. എന്നാൽ, സ്‌പീക്കർ ഇടപെട്ട് പ്രതിപക്ഷ നേതാവിനെ തടസപ്പെടുത്തിയത് ബഹളത്തിനിടയാക്കി. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ സ്‌പീക്കർക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വിഡി സതീശൻ തിരിച്ചടിച്ചു.
ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവയ്‌ക്കും വരെ സഭയിൽ പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി നടുത്തളത്തിൽ ഇറങ്ങിയതോടെ വാച്ച് ആൻഡ് വാർഡും രംഗത്തെത്തി. അതിനിടെ, പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഇതിനിടെയാണ് പ്രതിപക്ഷം ഉയർത്തിയ ബാനർ പിടിച്ചുവാങ്ങാൻ സ്‌പീക്കർ നിർദ്ദേശം നൽകിയത്. ചെയറിന്റെ മുന്നിൽ അല്ല ബാനർ ഉയർത്തേണ്ടതെന്നും ബാനർ ഇപ്പോൾ തന്നെ പിടിച്ചു വാങ്ങിക്ക് എന്നുമാണ് സ്‍പീക്കർ രോഷാകുലനായി ഉറക്കെ പറഞ്ഞത്. ഇതോടെ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ, സഭ നിർത്തിവയ്‌ക്കുകയാണെന്ന് സ്‌പീക്കർ അറിയിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ