കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്‌റ്റംസ്. മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്‌റ്റംസ് കമ്മീഷണർ ടി. ടിജു അറിയിച്ചു.
ഭൂട്ടാനിൽ നിന്ന് വണ്ടി കൊണ്ടുവന്ന ശേഷം കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇന്ത്യൻ ആർമി, ഇന്ത്യൻ എംബസികൾ, വിദേശകാര്യ മന്ത്രാലയങ്ങൾ, അമേരിക്കൻ എംബസികൾ തുടങ്ങിയവയുടെ സീലുകളും മറ്റും ഇതിനായി കൃത്രിമമായി നിർമിച്ചു. പരിവാഹൻ വെബ്‌സൈറ്റിലും കൃത്രിമം നടത്തിയെന്നും കസ്‌റ്റംസ് അറിയിച്ചു.
ദുൽഖർ സൽമാൻ, പൃഥ്‌വിരാജ്, അമിത് ചക്കാലക്കൽ എന്നീ നടൻമാരുടെ വീടുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. പൃഥ്‌വിരാജിന്റെ വാഹനങ്ങൾ ഒന്നും നിലവിൽ പിടികൂടിയിട്ടില്ല. ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടികൂടിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
2014ൽ നിർമിച്ച വാഹനം 2005ൽ പരിവാഹൻ വെബ്‌സൈറ്റിൽ ഒന്നാമത്തെ യൂസറായി കാണിച്ചിട്ടുണ്ട്. ഇൻഡോ- ഭൂട്ടാൻ അതിർത്തി വഴി കാറുകളിൽ സ്വർണവും മയക്കുമരുന്നുകളും കൊണ്ടുവരുന്നുണ്ടെന്ന വിവരങ്ങളും ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം വാങ്ങിയതും വിറ്റിട്ടുള്ളതും പൂർണമായും നിയമവിരുദ്ധമായ ഇടപാടുകളിലൂടെയാണ്.
പരിശോധന നടത്തിയ ഇടങ്ങളിൽ പലയിടത്തും ജിഎസ്‌ടി തട്ടിപ്പും കണ്ടെത്തി. കേരളത്തിലേക്ക് ഒരു വാഹനം കൊണ്ടുവന്നാൽ ഒരുമാസത്തിനകം രജിസ്‌റ്റർ ചെയ്യണമെന്നാണ് നിയമം. കേരളത്തിൽ തന്നെ ഇത്തരത്തിൽ ഭൂട്ടാൻ വഴി കടത്തിയ 150 മുതൽ 200 വാഹനങ്ങളുണ്ട്. അറിഞ്ഞും അറിയാതെയും വാഹനങ്ങൾ വാങ്ങിയവരുണ്ട്.
താരങ്ങൾക്ക് ഇതിൽ എത്ര പങ്കുണ്ട് എന്നതിൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ. നടൻമാർ അടക്കമുള്ളവർക്കെല്ലാം സമൻസ് കൊടുക്കും. മൊഴിയെടുക്കുകയും ചെയ്യും. ഉടമകൾ നേരിട്ട് ഹാജരായി രേഖകൾ കാണിക്കേണ്ടി വരും. സെക്കൻഡ് ഹാൻഡ് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് പിഴയടച്ചു രക്ഷപ്പെടാനാകില്ലെന്നും കമ്മീഷണർ അറിയിച്ചു.
Most Read| കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ