ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗവർണറുടെ നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താൽക്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവകലാശാല ആക്‌ടിന്റെ 13(7) വകുപ്പ് പ്രകാരവും, ഡിജിറ്റൽ സർവകലാശാല ആക്‌ടിന്റെ 11(10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നത്.
ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഈ വകുപ്പുകൾ പ്രകാരം സംസ്‌ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലറായ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഗവർണർ സംസ്‌ഥാന സർക്കാർ കൈമാറിയ പാനലിൽ നിന്നുള്ളവരെ മറികടന്ന് നേരത്തെ ഉണ്ടായിരുന്ന താൽക്കാലിക വൈസ് ചാൻസലർമാരെ പുനർനിർമിച്ചുകൊണ്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
അതിനാൽ തന്നെ സിസ തോമസിന്റെയും, കെ ശിവപ്രസാദിന്റെയും നിയമനം ചട്ടവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്ന് സംസ്‌ഥാന സർക്കാറിന്റെ സ്‌റ്റാൻഡിങ് കോൺസൽ സികെ. ശശി ഫയൽ ചെയ്‌ത അപേക്ഷയിൽ ആരോപിക്കുന്നു. കേരളത്തിന്റെ ആവശ്യം ജസ്‌റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ബുധനാഴ്‌ച പരിഗണിക്കും.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി