ന്യൂഡെൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹി കേരള ഹൗസിൽ പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനൊപ്പം കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും പങ്കെടുത്തു.
വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിതായാണ് വിവരം.
കേരള ഹൗസില്‍ രാവിലെ 9 മണിമുതൽ 50 മിനുട്ടോളം നീണ്ട കൂടിക്കാഴ്ചയിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ളവർ പ്രഭാത ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. പിണറായി സര്‍ക്കാരിന്റെ 9 വര്‍ഷക്കാലയളവിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച്ച നടക്കുന്നത്. ഇടത് കേരളവും ബിജെപി നയിക്കുന്ന കേന്ദ്രവും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിൽ ദുരന്തബാധിതമായ വയനാടിനുള്ള ദുരിതാശ്വാസ പാക്കേജും കേന്ദ്ര ഫണ്ടുകളും ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.
എക്സിലെ ഒരു പോസ്റ്റിൽ, ധനമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും യോഗത്തിന്റെ ചിത്രം പങ്കിട്ടെങ്കിലും യോഗത്തിലെ ചർച്ചാ വിഷയങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. അതേസമയം അനൗദ്യോഗിക കൂടികാഴ്ച്ച ആണെന്നാണ് പിആർഡി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.
MOST READ | ബ്ളാക്മെയിലിങ് ജേർണലിസം: കോംഇന്ത്യയുടെ പരാതിയിൽ അന്വേഷണം






































