കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ നടപടി. പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയും. നഴ്‌സിങ് കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണം എന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം.
അതേസമയം, കോളേജിലെ വിദ്യാർഥികൾക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോൾ ഹൗസ് കീപ്പർ കം സെക്യൂരിറ്റി ഹോസ്‌റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വിദ്യാർഥികളിൽ ഒരാൾ സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇയാൾ ഇടപെട്ടില്ലെന്നാണ് സൂചന. എന്നാൽ, റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും കുട്ടികൾ നിലവിളിക്കുന്നത് കേട്ടില്ലെന്നുമാണ് സെക്യൂരിറ്റിയുടെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
റാഗിങ് നടന്ന മുറിയിൽ നിന്ന് കത്തിയും കോമ്പസും ഡംബലും കരിങ്കൽ കഷ്‌ണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. അതിനിടെ, റാഗിങ്ങിനെതിരെ നാല് വിദ്യാർഥികൾ കൂടി കോളേജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഒരാൾ പോലീസിനും പരാതി നൽകിയിട്ടുണ്ട്.
സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി പത്തിന് രാത്രി 11 മണിക്ക് ശേഷമായിരുന്നു പീഡനം. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് അറസ്‌റ്റിലായത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി