തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). മൂന്നുവർഷത്തേക്കാണ് വിലക്ക്. സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് നടപടി.
കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്‌താവന നടത്തിയ ശ്രീശാന്തിനെ മൂന്നുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് കെസിഎ അറിയിച്ചു. കൊച്ചിയിൽ ചേർന്ന അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. വിവാദ പരാമർശങ്ങളെ തുടർന്ന് ശ്രീശാന്തിന് കെസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമുകൾക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവരുടെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്‌തികരമായതിനാൽ നടപടിയെടുക്കില്ല. അതേസമയം, സഞ്‌ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥനെതിരെ നഷ്‌ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നും കെസിഎ അറിയിച്ചു.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്‌ജുവിന് അവസരം ലഭിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിൽ സഞ്‌ജു ഇടംപിടിക്കാതിരിക്കുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്നായിരുന്നു ശ്രീശാന്തിന്റെ വിമർശനം.
ശ്രീശാന്തിന്റെ പരാമർശത്തിന് വാതുവയ്‌പ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ മറുപടി നൽകിയത്. വാതുവയ്‌പ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്‌തനായിട്ടില്ല. കുറ്റം നിലനിൽക്കെ ശ്രീശാന്തിന് രഞ്‌ജി ട്രോഫിയിൽ അവസരം നൽകി. കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികൾ തുറന്നടിച്ചിരുന്നു.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്