തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്‌ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേരള ടീമിനെ നാട്ടിലേക്ക് കൊണ്ടുവരിക. ഇതിനായി ഇരുവരും നാഗ്‌പൂരിലെത്തി.
കെസിഎ ചാർട്ടർ ചെയ്‌ത സ്വകാര്യ വിമാനത്തിലാണ് കേരള ടീം നാഗ്‌പൂരിൽ നിന്ന് നാട്ടിൽ തിരിച്ചെത്തുക. എയർ എംബ്രെയർ വിമാനത്തിൽ നാളെ രാത്രി 9.30ന് കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ കെസിഎ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ടീം അംഗങ്ങളെ സ്വീകരിക്കും. തുടർന്ന് ട്രോഫിയുമായി കെസിഎ ആസ്‌ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും.
ഹോട്ടൽ ഹയാത്തിലാണ് കേരള ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് ആറിന് ഹയാത്തിൽ നടക്കുന്ന അനുമോദന ചടങ്ങിൽ പിണറായി വിജയൻ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കായികമന്ത്രി അബ്‌ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ, പൗരപ്രമുഖർ തുടങ്ങിയവരും പങ്കെടുക്കും.
നാഗ്‌പൂരിൽ നടന്ന കലാശപ്പോരാട്ടം സമനിലയിൽ അവസാനിച്ചതോടെ, ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് കേരളത്തെ മറികടന്ന് വിദർഭ കിരീടം ചൂടിയത്. അവസാന ദിനം രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റുകൾ പിഴുത് മൽസരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റിൽ വിദർഭയുടെ പ്രതിരോധം ഒരിക്കൽക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്‌റ്റൻ സച്ചിൻ ബേബി സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ