തിരുവനന്തപുരം: കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്കാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 1000 രൂപയും ആറുകിലോ അരി വീതവും ഓരോ കുടുംബത്തിനും ലഭിക്കും.
ഇതിനായി സർക്കാർ 10.55 കോടി രൂപ അനുവദിച്ചു. കപ്പലപകടം ഈ ജില്ലകളിലെ മൽസ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെ സാരമായി ബാധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. 78,498 മൽസ്യത്തൊഴിലാളി കുടുംബങ്ങളും 27,020 മൽസ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങളും ഇടക്കാല ആശ്വാസത്തിന്റെ ഗുണഭോക്‌താക്കളാകും.
ഈ മാസം 24ന് ശനിയാഴ്‌ചയാണ് 600ലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞത്. ഞായറാഴ്‌ച കപ്പൽ പൂർണമായി കടലിൽ മുങ്ങിയിരുന്നു. കപ്പലിൽ നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
സംസ്‌ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്‌ഥിതിക ഭീതി ഉയർത്തി ആലപ്പുഴ സ്‌പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. 24 ജീവനക്കാരെ കപ്പലിൽ നിന്ന് നാവികസേനയും തീരസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പൽ അപകടം സർക്കാർ സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പൽ അവശിഷ്‌ടത്തിന്റെ ഗുരുതരമായ പാരിസ്‌ഥിതിക- സാമൂഹിക- സാമ്പത്തിക ആഘാതം കണക്കിലെടുത്തായിരുന്നു തീരുമാനം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































