തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന് സർക്കാർ 20 ലക്ഷം രൂപ ചിലവ് നിശ്‌ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വീട് നിർമിക്കുന്നതിനുള്ള സ്‌പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
നോ-ഗോ സോണിന് പുറത്തായി സ്‌ഥിതി ചെയ്യുന്ന, ദുരന്തം കാരണം ഒറ്റപ്പെട്ട് പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുള്ള കരട് ഫേസ് 2 ബി ലിസ്‌റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്‌ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാ കലക്‌ടർക്ക് നിർദ്ദേശം നൽകും.
പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ എൽസ്‌റ്റോൺ എസ്‌റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്‌താക്കൾക്ക് വീട് നൽകുന്നതിനായി ഏഴ് സെന്റ് ഭൂമി വീതമുള്ള പ്ളോട്ടായി പുനഃക്രമീകരിക്കും. വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അംഗീകരിച്ചു. എൽസ്‌റ്റോൺ എസ്‌റ്റേറ്റ് സ്‌ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ്.
ഭൂമി പതിച്ചു നൽകുന്നതിന് ഗുണഭോക്‌താവിന്റെ വരുമാന പരിധി കണക്കാക്കില്ല. 12 വർഷത്തേയ്‌ക്ക് അന്യാധീനപ്പെടുത്താൻ പാടില്ല. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കും. ഭൂമിയും വീടും 12 വർഷത്തിന് ശേഷം ഗുണഭോക്‌താവിന് ആവശ്യഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്‌പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈക്കൊള്ളുന്നതാണ്.
Most Read| ‘രാജ്യാന്തര സഹായങ്ങൾ കൊണ്ടു ജീവിക്കുന്ന പരാജയപ്പെട്ട രാഷ്‌ട്രം’; പാക്കിസ്‌ഥാനെതിരെ ഇന്ത്യ