
തിരുവനന്തപുരം: കേരളം ഒരു അത്ഭുതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ കേരളം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസോടെ സഹകരിച്ച് നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണ്.
നമ്മുടെ സങ്കല്‍പ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതിൽ ഭാഗമാവുകയും നേതൃത്വം കൊടുക്കുകയും പിന്തുണ നൽകുകയും ചെയ്ത ഏവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യകേരളം എന്ന സ്വപ്നം യാഥാർഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തിൽ നമ്മുടെ ഏവരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലുംകൊണ്ട് ചെറുത്തു തോല്‍പ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം എന്നത്. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തു തോല്‍പ്പിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരേ മനസോടെ ലക്ഷ്യം കൈവരിക്കാൻ ഇറങ്ങിയിരുന്നു. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും എന്ന നവകേരള നിര്‍മിതിയുടെ സുപ്രധാന ലക്ഷ്യം ഏറെയാന്നും അകലെയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതതയാണ്. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജിഡിപിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാള്‍ എങ്ങനെ മുന്നിലെത്തി. അവരുടെ ജിഡിപിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് ‘യഥാര്‍ത്ഥ കേരള സ്റ്റോറി’.
അമേരിക്കയില്‍ ഒരു ലക്ഷം പ്രസവങ്ങളില്‍ 22.3 അമ്മമാര്‍ക്ക് ജീവന് നഷ്ടപ്പെടുമ്പോള്‍, കേരളത്തില്‍ അത് 18 ആണ്. കേരളത്തില്‍ ആയിരം ജനനത്തിന് അഞ്ച് ശിശുമരണമാണ് ഉണ്ടാകുന്നത്. അമേരിക്കയില്‍ അത് 5.6 ആണ്. 96.2 ശതമാനം സാക്ഷരതയുമായി കേരളം ബഹുദൂരം മുന്നില്‍ നില്ക്കുമ്പോള് അമേരിക്കയുടെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമാണ്.
ബഹുമുഖ ദാരിദ്ര്യം കേരളത്തില്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ (0.55 ശതമാനം), അമേരിക്കയില്‍ അത് 5.68 ശതമാനമാണ്. കുന്നുകൂടിയ സമ്പത്തല്ല, ജനങ്ങള്‍ക്ക് നല്കുന്ന കരുതലും മുന്‍ഗണനയുമാണ് ഒരു നാടിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഒരു അത്ഭുതമായി തന്നെയാണ് നിലകൊള്ളുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് പറയുന്നു. രാജ്യത്ത് 100ല്‍ 11പേര് ദരിദ്രരായിരിക്കുമ്പോള്‍, കേരളത്തില്‍ അത് 200ല്‍ ഒരാള്‍ മാത്രമാണ്.
നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് സുസ്ഥിര വികസനത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്ത് തൊഴിലാളിക്ക് ഏറ്റവും ഉയര്‍ന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തില്‍ എന്നാണ്. നിര്‍മ്മാണ മേഖലയില്‍ ദേശീയ ശരാശരി 362 രൂപ മാത്രമുള്ളപ്പോള്‍, കേരളത്തിലത് 829 രൂപയാണ്. അത് തൊഴിലാളിയുടെ അന്തസ്സാണ്, അവന്റെ കുടുംബത്തിന്റെ സുരക്ഷയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| എഴുത്തച്ഛൻ പുരസ്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക്





































