കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസ് കേസ് അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അമ്പതോളം രാഷ്‌ട്രീയക്കാരുടെ ‘പൊളിറ്റിക്കൽ ഫണ്ടർ’ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പല പരിപാടികളും സ്‌പോൺസർ ചെയ്‌തതിന് പുറമെ, തിരഞ്ഞെടുപ്പ് ഫണ്ടായും പണം നൽകി. മുൻനിര പാർട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാൽ പണം വാങ്ങിയവരുടെ പട്ടിക പോലീസ് പുറത്തുവിട്ടിട്ടില്ല. അനന്തുവിനെ കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ തെളിവെടുപ്പിലാണ് പണമിടപാട് രേഖകൾ ലഭിച്ചത്. ആർക്കെല്ലാം, എപ്പോഴെല്ലാം എത്ര വീതം കൊടുത്തുവെന്നതിന്റെ കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നു.
എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെഎൻ ആനന്ദകുമാറിന് മാസം പത്തുലക്ഷം രൂപ വീതം നൽകിയതായും മൊഴിയുണ്ട്. ഉദ്യോഗസ്‌ഥർക്ക് പണം നൽകിയതിന്റെ രേഖകളും അനന്തു പോലീസിന് കൈമാറി. വെള്ളിയാഴ്‌ച രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്. കൃത്യമായ തെളിവുകൾ ലഭിച്ചാൽ പണം വാങ്ങിയവരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
അനന്തു കൃഷ്‌ണൻ 800 കോടി രൂപയെങ്കിലും തട്ടിച്ചതായാണ് പോലീസിന്റെ പ്രാഥമിക അനുമാനം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഏറെക്കുറെ പൂർത്തിയാക്കിയതിനാൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്ന ഉത്തരവ് ഉടനിറങ്ങും. അനന്തു അടക്കമുള്ളവർക്കെതിരെ 153 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. 600 പരാതികൾ ലഭിച്ചു. കൂടുതൽ കേസുകൾ ഇടുക്കിയിലാണ്-34, തൊടുപുഴയിൽ പരാതികൾ- 585.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്