കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്‌റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതിനാൽ ആനന്ദകുമാറിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയില്ല. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ആനന്ദകുമാറിനെ അയക്കുക.
26ന് രാവിലെ 11മണിക്കകം ആനന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കണമെന്നാണ് റിമാന്റ് ഉത്തരവില്‍ കോടതി നിര്‍ദേശം. നിലവില്‍ ചികിൽസയിൽ കഴിയുന്ന ആനന്ദകുമാറിന്റെ തുടര്‍ ചികിൽസയുടെ കാര്യങ്ങള്‍ മൂവാറ്റുപുഴ സബ്‌ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തത്. തിങ്കളാഴ്‌ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നും ട്രസ്‌റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താന്‍ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാര്‍ മുന്നോട്ട് വെച്ചത്.
എന്നാല്‍, തട്ടിപ്പിനേക്കുറിച്ച് മുന്‍കൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്നാണ് പോലീസ് വാദിച്ചത്. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നാല് തവണയാണ് ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി കോടതി മാറ്റിയത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച കോടതി ഹര്‍ജി പരിഗണിക്കുകയും തള്ളുകയും ചെയ്‌തിരുന്നു.
കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്‌ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണെന്ന് പൊലീസ് പറയുന്നു. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് വൻ തോതിൽ പണവും എത്തിയിട്ടുണ്ട്. എന്നാൽ ഇത് സായ് ട്രസ്‌റ്റിനായി വാങ്ങിയതാണെന്നും വ്യക്‌തിപരമായ ആവശ്യങ്ങൾക്കല്ലെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്.
കേസിൽ രണ്ടാം പ്രതിയായ ആനന്ദകുമാർ ഒരു മാസത്തോളമായി ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കഴിഞ്ഞ ഇയാളെ കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് അഞ്ചംഗ ട്രസ്‌റ്റ് രൂപീകരിച്ചത്. ട്രസ്‌റ്റ് ചെയർമാനായ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്‌റ്റിൽ 5 അംഗങ്ങൾ ആണുള്ളത്. പ്രതി അനന്തു കൃഷ്‌ണൻ, ബീന സെബാസ്‌റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
മൂവാറ്റുപുഴ സ്വദേശി സിജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ് നടന്നതും ഇപ്പോൾ ജയിലിലേക്ക് പോകുന്നതും. നിലവില്‍ 37 കേസുകളാണ് ആനന്ദ്കുമാറിന് എതിരെയുള്ളത്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അമ്പതോളം രാഷ്‌ട്രീയക്കാരുടെ ‘പൊളിറ്റിക്കൽ ഫണ്ടർ’ ആണെന്ന് പരാതി ഉയർന്നിരുന്നു.
HEALTH | രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം