കൊച്ചി: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത് നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടി. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ വിമർശനം.
യാത്രയ്‌ക്ക് വേണ്ടിയുള്ള ട്രാക്‌ടറല്ലല്ലോ ഉപയോഗിച്ചത്. ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്‌ടർ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ദേവസ്വം ബെഞ്ചാണ് ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങൾ പരിശോധിച്ചുവെന്നും ദേവസ്വം ബെഞ്ച് വ്യക്‌തമാക്കി.
സ്വാമി അയ്യപ്പൻ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്. 2021ലാണ് ട്രാക്‌ടർ യാത്രയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകൾ ഏതൊക്കെ സമയങ്ങളിൽ സ്വാമി അയ്യപ്പൻ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ട്രാക്‌ടറിൽ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവിലുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ട്രാക്‌ടർ വഴി യാത്ര ചെയ്യരുതെന്നും ഉത്തരവുണ്ട്. എന്നാൽ, ഇവ ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയിരിക്കുന്നത്. സംഭവത്തിൽ ശബരിമല കമ്മീഷണറോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, യാത്രയിൽ കേസെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പോലീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രാക്‌ടറിലാണ് അജിത് കുമാർ യാത്ര നടത്തിയത്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്നു ഡ്രൈവർ. ശനിയാഴ്‌ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്‌ടറിൽ യാത്ര ചെയ്‌തുവെന്നാണ് സൂചന. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് നിന്നാണ് അദ്ദേഹം ട്രാക്‌ടറിൽ കയറിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!