കൊച്ചി: കേരളത്തിലെ ദേശീയപാതകളുടെ നിർമാണ വീഴ്‌ചയിൽ ദേശീയപാത അതോറിറ്റിയെ ആശങ്ക അറിയിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ സംസ്‌ഥാനത്ത് ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണ്. 2-3 വർഷമായി ഇത് ശരിയാകാനായി ക്ഷമാപൂർവം കാത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഇതെല്ലാം സംഭവിച്ചതെന്നും കോടതി പറഞ്ഞു.
തുടർന്ന് ഇക്കാര്യത്തിൽ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം, ദേശീയപാതകളുടെ കാര്യത്തിൽ സംഭവിച്ചതിനെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്നും മോശമായ അവസ്‌ഥയിലാണ് കാര്യങ്ങളെന്നും ദേശീയപാത അതോറിറ്റി പ്രതികരിച്ചു.
വെള്ളം ഒലിച്ചിറങ്ങിയതാണ് പ്രശ്‌നം എന്നാണ് മനസിലാകുന്നത്. ആവശ്യമെങ്കിൽ ഘടനാപരമായ മാറ്റം വരുത്തുകയാണ് പോംവഴി. തങ്ങളുടെ വിദഗ്‌ധർ ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ദേശീയപാത അതോറിറ്റി വ്യക്‌തമാക്കി. ദേശീയപാത നിർമാണം സംബന്ധിച്ചുള്ള ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ദേശീയപാത അതോറിറ്റിയോട് മറുപടി ആരാഞ്ഞത്.
തുടർന്ന്, ഇക്കാര്യത്തിൽ റിപ്പോർട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റി സമയം തേടി. കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്‌തമാക്കി. വ്യാഴാഴ്‌ചക്കുള്ളിൽ ഇത് സംബന്ധിച്ച് റിപ്പോർട് നൽകണമെന്ന് കോടതി നിർദ്ദേശം നൽകി.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’