കൊച്ചി: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ ട്യൂഷൻ സ്‌ഥാപനമായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്.
ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ സ്വകാര്യ സ്‌ഥാപനത്തിലെ പ്യൂൺ അബ്‌ദുൽ നാസർ ഇന്നലെ അറസ്‌റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്, ജിഷ്‌ണു എന്നിവരെയും ക്രൈം ബ്രാഞ്ച് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. പത്താം ക്ളാസിന്റെയും പ്ളസ് വണ്ണിന്റെയും ക്രിസ്‌മസ് പരീക്ഷാ ചോദ്യക്കടലാസുകളാണ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർന്നത്.
ഇതിനെ തുടർന്ന് ഷുഹൈബിനെ ഒന്നാംപ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഒളിവിൽപ്പോയ ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, ഹൈക്കോടതി ഹരജി പരിഗണിച്ചപ്പോൾ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്‌റ്റ് ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.
കേസുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ചിന് മുമ്പാകെ ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യക്കടലാസ് ചോർച്ച നടന്നിട്ടില്ലെന്നും ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് ഷുഹൈബിന്റെ മൊഴി. ഇതിനിടെയാണ്, കേസിൽ നിർണായകമായ അറസ്‌റ്റ് ഇന്നലെ ഉണ്ടായത്.
എംഎസ് സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അബ്‌ദുൽ നാസറാണെന്ന് അന്വേഷണത്തിൽ വ്യക്‌തമായി. ഇയാളെ ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തു. എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി.
അബ്‌ദുൽ നാസർ ജോലി ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്‌തിരുന്നത്. ഈ ബന്ധം പുലർത്തിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് അറസ്‌റ്റിലായ ഫഹദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017ലാണ് ഈ യുട്യൂബ് ചാനൽ തുടങ്ങിയത്. 2023ലെ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച ശേഷം ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനവുണ്ടായി. 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടെയും ഓണം, ക്രിസ്‌മസ് പരീക്ഷകളുടെയും സമയത്ത് വ്യൂവർഷിപ്പിൽ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തൽ.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ