തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കുന്നത് വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്.
പുതിയ ക്ളാസിഫൈഡ് കള്ള് ഷാപ്പുകൾ അനുവദിക്കുന്നത് സംബന്ധിച്ചും ദൂരപരിധി സംബന്ധിച്ചും കൂടുതൽ വ്യക്‌തത വേണമെന്ന ആവശ്യമാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്. കൂടുതൽ ഷാപ്പുകൾ അനുവദിക്കുമ്പോൾ ദൂരപരിധി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് എഐടിയുസി ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ബാറുകളുടെ രീതിയിൽ സ്‌റ്റാറുകൾ നൽകി കള്ളുഷാപ്പുകൾ അനുവദിക്കുമ്പോൾ ദൂരപരിധിയെ കുറിച്ചും ആശങ്ക ഉയർന്നിരുന്നു. ടൂറിസം, വെഡ്‌ഡിങ് ഡെസ്‌റ്റിനേഷനുകളിൽ ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ചും യോഗം കൂടുതൽ വ്യക്‌തത ആവശ്യപ്പെട്ടു. എക്‌സൈസ് മന്ത്രി എംബി രാജേഷ് ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്ത് മദ്യനയം അവതരിപ്പിച്ചത്.
Most Read| അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്; ഇന്ത്യയുടെ സഹായം തേടി യുഎസ്