തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്.
ഉച്ചയ്ക്ക് മൂന്നരവരെയുള്ള കണക്കനുസരിച്ച് 63.8 ശതമാനമാണ് പോളിങ്. മലപ്പുറത്താണ് കൂടുതൽ പോളിങ്. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. 38,994 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ് ഇന്നാണ്. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ.
അതേസമയം, കണ്ണൂർ ആന്തൂർ നഗരസഭയിലെ വാർഡ് 25ൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടിൽ സുധീഷ് കുമാർ (47) ആണ് മരിച്ചത്. മൊറാഴ സൗത്ത് യുപി സ്കൂളിൽ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. പരിയാരം പഞ്ചായത്തിൽ 16ആം വാർഡിലെ രണ്ട് ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥിയെയും ബൂത്ത് ഏജന്റുമാരെയും സിപിഎം പ്രവർത്തകർ കൈയ്യേറ്റം ചെയ്തതായി പരാതി ഉയർന്നു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































