തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങളാണ് നാളെ വിധിയെഴുതുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. 36,630 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത്-471, ബ്ളോക്ക് പഞ്ചായത്ത്- 75, ജില്ലാ പഞ്ചായത്ത്-7, മുനിസിപ്പാലിറ്റി- 39, കോർപറേഷൻ- 3 എന്നിവ ഉൾപ്പടെ ആകെ 11,168 വാർഡുകളിലാണ് സ്ഥാനാർഥികൾ ജനവിധി തേടുന്നത്.
ആകെ 1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത്. പുരുഷൻമാർ- 62,51,219. സ്ത്രീകൾ- 70,32,444. ട്രാൻസ്ജെൻഡർ- 126. പ്രവാസി വോട്ടർമാർ- 456. വൈകീട്ട് ആറുവരെയാണ് വോട്ടിങ് സമയമെങ്കിലും അതിനുമുൻപ് ബൂത്തിൽ എത്തുന്നവരെ ടോക്കൺ നൽകി ആറിന് ശേഷവും വോട്ട് ചെയ്യാൻ അനുവദിക്കും.
രാവിലെ ആറിന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക്പോൾ നടത്തി ഫലം പരിശോധിച്ച് കൃത്യത ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് തുടങ്ങുക.
കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിൽസാ സഹായം, വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കി. 15,432 പോളിങ് സ്റ്റേഷനുകളുണ്ട്. 480 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ‘നോട്ട’ രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പിക്കാനുള്ള ‘വിവിപാറ്റ്’ മെഷീനുമുണ്ടാകില്ല. ഈമാസം 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ പ്രചാരണം ഒമ്പതിന് സമാപിക്കും. 13നാണ് വോട്ടെണ്ണൽ.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































