തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്.
രാവിലെ 9 വരെയുള്ള കണക്കുകൾ പ്രകാരം 7.8 ശതമാനമാണ് പോളിങ്. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത്-470, ബ്ളോക്ക് പഞ്ചായത്ത്- 77, ജില്ലാ പഞ്ചായത്ത്-7, മുൻസിപ്പാലിറ്റി- 47, കോർപറേഷൻ- 3). 12,391 വാർഡുകളിലേക്കാണ് (ഗ്രാമപഞ്ചായത്ത് വാർഡ്- 9015, ബ്ളോക്ക് പഞ്ചായത്ത് വാർഡ്- 1177, ജില്ലാ പഞ്ചായത്ത് വാർഡ്- 182, മുനിസിപ്പാലിറ്റി- 1829, കോർപറേഷൻ വാർഡ്- 188) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 15337176 വോട്ടർമാരാണുള്ളത്. പുരുഷൻമാർ- 72,46,269. സ്ത്രീകൾ- 80,90,746. ട്രാൻസ്ജെൻഡർ- 161. പ്രവാസി- 3293. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്. 38,994 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ് ഇന്നാണ്. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ.
എൽഡിഎഫ് ആത്മവിശ്വാസത്തിലാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫും വലിയ പ്രതീക്ഷയിലാണ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































