തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. കേസിന് പകരം ഇൻഷുറൻസ് ക്ളെയിമിന് ശ്രമിക്കാൻ നിർദ്ദേശം നൽകി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.
മേയ് 29നാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും തമ്മിൽ ചർച്ച നടത്തിയത്. കപ്പൽ മുങ്ങിയതതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ പേരിൽ എംഎസ്സി കമ്പനിക്കെതിരെ കേസെടുക്കാമെന്ന രീതിയിലായിരുന്നു സർക്കാർ മുന്നോട്ടുപോയത്.
എന്നാൽ, വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകൾ എത്തുന്നത് എംഎസ്സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്. കമ്പനിയുമായി നിയമപ്രശ്നങ്ങളിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാൽ ഇൻഷുറൻസ് ക്ളെയിമിമുമായി മുന്നോട്ടുപോയാൽ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.
കമ്പനിയെ ക്രിമിനൽ കേസിലേക്ക് വലിച്ചിഴയ്ക്കാതെ, ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ക്ളെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കപ്പലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനായിരിക്കണം ഇപ്പോൾ ഊന്നലെന്നും ഇൻഷുറൻസ് ക്ളെയിമിന് ഇത് സഹായകരമാകുമെന്നുമാണ് യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ ജയതിലക് തയ്യാറാക്കിയ കുറിപ്പിലുള്ളത്.
മേയ് 24 ശനിയാഴ്ചയാണ് 600ലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞത്. ഞായറാഴ്ച കപ്പൽ പൂർണമായി കടലിൽ മുങ്ങിയിരുന്നു. കപ്പലിൽ നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ സ്പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. 24 ജീവനക്കാരെ കപ്പലിൽ നിന്ന് നാവികസേനയും തീരസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പൽ അപകടം സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്റ്റൈൽ, അൽഭുതമെന്ന് സ്കോട്ടിഷ് സഞ്ചാരി








































