ന്യൂഡെൽഹി: കേരളത്തിൽ ദേശീയപാത നിർമിച്ചതിലെ വീഴ്‌ചകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ നിയോഗിച്ചത്.
ഇടി മുഹമ്മദ് ബഷീർ എംപി ഉൾപ്പടെയുള്ളവർ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് പരാതി നൽകിയിരുന്നു. ദേശീയപാത തകർന്ന പ്രദേശങ്ങൾ സമിതി പരിശോധിക്കും. നിർമാണത്തിൽ അപാകത ഉണ്ടായോ, ഉദ്യോഗസ്‌ഥ വീഴ്‌ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലെത്തിയ മലപ്പുറം കൂരിയാട് ഭാഗത്താണ് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണത്.
കൂരിയാട്ടുനിന്ന് മൂന്ന് കിലോമീറ്റർ അകലെ എടരിക്കോട് മമ്മാലിപ്പടിയിലെ പാലത്തിലും തൃശൂർ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്നിലെ മേൽപ്പാലത്തിലും വിള്ളൽ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് സർവീസ് റോഡും ഇടിഞ്ഞുവീണിരുന്നു. കണ്ണൂരിൽ ദേശീയപാതയ്‌ക്ക് സമീപം വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായി.
Most Read| വലതുകൈ നഷ്‌ടപ്പെട്ടിട്ടും തളരാതെ പാർവതി; ഇടംകൈ ആയുധമാക്കി അസി.കലക്‌ടറായി