ന്യൂഡെല്‍ഹി: ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യം 2030ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട നേട്ടം ഇപ്പോഴേ കൈവരിച്ച് കേരളം. ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്‌ഥാനത്താണ് കേരളം. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്.
മഹാരാഷ്‍ട്ര, തമിഴ്‌നാട്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട നിലയിലാണ് ശിശുമരണ നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി പുരോഗമിക്കുന്നത്. 1000ല്‍ 15ല്‍ താഴെയാണ് ഈ നാലു സംസ്‌ഥാനങ്ങളിലും ശിശുമരണ നിരക്ക്. അതേസമയം, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളില്‍ ശിശുമരണ നിരക്ക് അതിരൂക്ഷമായ അവസ്‌ഥയിലാണ്. ദേശീയ ശരാശരിയായ 23ന് മുകളിലാണ് ഈ അഞ്ചു സംസ്‌ഥാനങ്ങളിലെ അവസ്‌ഥ.
Also Read: കേരളത്തിന് അഭിമാന നേട്ടം; ആറ് ആശുപത്രികൾക്ക് കൂടി എൻക്യൂഎഎസ് അംഗീകാരം
ദേശീയ നവജാത കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളം ഈ നേട്ടം കൈവരിച്ച വിവരമുള്ളത്. സുസ്‌ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030ല്‍ ശിശുമരണ നിരക്ക് ഓരോ 1000 ജനനത്തിലും 10ല്‍ താഴെ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, ആ നേട്ടം കേരളം നിലവില്‍ മറികടന്ന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്‌ഥാനത്ത് കേരളമായിരുന്നു.