ന്യൂഡെൽഹി: ഛത്തീസ്‌ഗഡിലെ ദുർഗിൽ അറസ്‌റ്റിലായ കന്യാസ്‌ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോർട്ട് കെട്ടിവയ്‌ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്‌ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്‌റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്‌റ്റർ പ്രീതി മേരി എന്നിവരാണ് ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചിതരായത്. ഇവരുടെ ജാമ്യത്തെ ഛത്തീസ്‌ഗഡ് സർക്കാർ എതിർത്തില്ല.
കോടതി ഉത്തരവ് ജയിലിൽ എത്തുന്നതോടെ ഇവർ ജയിൽ മോചിതരാകും. ജാമ്യത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി കന്യാസ്‌ത്രീകളുടെ കുടുംബം പറഞ്ഞു. ഓഫീസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ മൂന്ന് പെൺകുട്ടികളോടൊപ്പം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് പ്രവർത്തകർ കന്യാസ്‌ത്രീകളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് സ്‌റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്‌തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിലടക്കുകയായിരുന്നു.
മനുഷ്യക്കടത്ത് എൻഐഎ നിയമത്തിലെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവ പരിഗണിക്കാൻ എൻഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്‌ഗഡ് സർക്കാർ വാദിച്ചത്. ഇത് അഡീഷണൽ സെഷൻസ് കോടതിയും അംഗീകരിച്ചിരുന്നു.
ആദ്യം കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ് കന്യാസ്‌ത്രീകൾ എൻഐഎ കോടതിയെ സമീപിച്ചത്. ജാമ്യത്തെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞദിവസം സംസ്‌ഥാന നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി