തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ‘സംഘി വിസി അറബിക്കടലിൽ’ എന്ന ബാനർ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ അക്രമാസക്‌തരായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ, ബാരിക്കേഡുകൾ മറിച്ചിട്ട് അതിന്റെ മുകളിൽ കയറിനിന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ആറുതവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഭരിച്ച വെള്ളം തീർന്നതോടെ പോലീസ് പ്രതിരോധത്തിലായി. പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുമെന്ന ആദ്യ മുന്നറിയിപ്പ് നൽകി.
എന്നാൽ, പ്രവർത്തകർ ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ പ്രവർത്തകരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ പോലീസുകാരോട് കയർക്കുകയായിരുന്നു. ഒടുവിൽ കണ്ണീർവാതകം പ്രയോഗിക്കുമെന്ന സൈറൺ മുഴങ്ങിയതോടെയാണ് പ്രവർത്തകർ ഒഴിഞ്ഞുതുടങ്ങിയത്. എന്നാൽ, സ്‌ഥലത്ത് ഇപ്പോഴും സംഘർഷാവസ്‌ഥ തുടരുകയാണ്.
കേരള സർവകലാശാലയിലെ അധികാര തർക്കത്തിനെതിരെ എസ്എഫ്ഐ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഗവർണർക്കും വിസിക്കുമെതിരായാണ് പ്രതിഷേധം. സംസ്‌ഥാന വ്യാപകമായി ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌തിരുന്നു. ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്.
Most Read| കോയമ്പത്തൂർ സ്‍ഫോടനക്കേസ്; പ്രതി ടൈലർ രാജ പിടിയിൽ