തിരുവനന്തപുരം: അറബിക്കടലിലെ എംഎസ്‌സി എൽസ 3 കപ്പൽ അപകടം സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. കപ്പൽ അവശിഷ്‌ടത്തിന്റെ ഗുരുതരമായ പാരിസ്‌ഥിതിക- സാമൂഹിക- സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. റവന്യൂ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
കണ്ടെയ്‌നറുകളിലെ രാസവസ്‌തുക്കളും ഇന്ധനചോർച്ചാ സാധ്യതയും ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഉത്തരവിറങ്ങിയതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് തുടർ നടപടിയെടുക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ടും ആവശ്യപ്പെടാൻ കഴിയും.
തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിലെ പ്‌ളാസ്‌റ്റിക് തരികൾ പാരിസ്‌ഥിതികാഘാതം സൃഷ്‌ടിക്കാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പ്‌ളാസ്‌റ്റിക് തരികൾ തീരത്ത് നിന്ന് നീക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.
ഈ മാസം 24 ശനിയാഴ്‌ചയാണ് 600ലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞത്. ഞായറാഴ്‌ച കപ്പൽ പൂർണമായി കടലിൽ മുങ്ങിയിരുന്നു. കപ്പലിൽ നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകരമായ രാസവസ്‌തുക്കളില്ല. ഇവയിൽ മിക്കതും കാലി കണ്ടെയ്‌നറുകളാണ്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്‌ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്‌ഥിതിക ഭീതി ഉയർത്തി ആലപ്പുഴ സ്‌പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. 24 ജീവനക്കാരെ കപ്പലിൽ നിന്ന് നാവികസേനയും തീരസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
Most Read| നിലമ്പൂരിൽ സ്വതന്ത്രനെ ഇറക്കാൻ സിപിഎം; ഷിനാസ് ബാബു മൽസരിച്ചേക്കും







































