കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് ഓൺലൈനായാണ് ഹരജി ഫയൽ ചെയ്‌തത്.
പുതുക്കിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതി നിഷേധം ആണെന്നാണ് ആരോപണം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി ഹാജരായേക്കുമെന്നാണ് വിവരം. പ്രോസ്‌പെക്‌ടസ് തിരുത്താൻ സർക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണെന്നും ഹരജിയിൽ പറയുന്നു.
15 വിദ്യാർഥികളാണ് ഹരജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. കൂടുതൽ വിദ്യാർഥികൾ കക്ഷി ചേർന്നേക്കുമെന്നാണ് വിവരം. പുതിയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ഡിവിഷൻ ബെഞ്ച് ശരിവെച്ചതിന് പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്.
പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്‌റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോൾ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാർഥികൾക്ക് മുൻതൂക്കം നഷ്‌ടമായി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലബസിൽ നിന്നാണ്. പഴയ റാങ്കിൽ ആദ്യ 100ൽ 43 പേർ കേരള സിലബസിൽ നിന്നുള്ളവരായിരുന്നു. ആദ്യ 100 പേരുടെ പട്ടികയിൽ 79 പേർ സിബിഎസ്ഇ സിലബസിൽ നിന്ന് ഇടംപിടിച്ചു.
ആദ്യ 5000 റാങ്കിൽ കേരള സിലബസിൽ നിന്ന് 1796 പേരും സിബിഎസ്ഇയിൽ നിന്ന് 2,960 പേരും ഐസിഎസ്‌ഇയിൽ നിന്ന് 201 പേരുമാണ് ഇടംപിടിച്ചത്. 86,549 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 76,230 പേർ യോഗ്യത നേടി. 67,505 പേരാണ് റാങ്ക് ലിസ്‌റ്റിൽ ഇടം പിടിച്ചത്. കേരള സിലബസിൽ നിന്ന് 47,175 പേരും സിബിഎസ്ഇയിൽ നിന്ന് 18,284 പേരും ഐസിഎസ്‌ഇയിൽ നിന്ന് 1415 പേരുമാണ് റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടത്.
Most Read| യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; ട്രെയിനുകളിൽ ഇനി സിസിടിവി, നിർണായക നീക്കം