തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ നിലപാട് കടുപ്പിച്ച് താൽക്കാലിക ചുമതലയുള്ള വിസി ഡോ. സിസ തോമസ്. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഓഫീസിൽ കയറരുതെന്നും ഔദ്യോഗിക ചുമതലകൾ വഹിക്കരുതെന്നും കാട്ടി വിസി നോട്ടീസ് നൽകി. വിലക്ക് ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകി.
അനിൽ കുമാറിന്റെ സസ്‌പെൻഷൻ തുടരുകയാണെന്നും വിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിസ തോമസിന്റെ അധികച്ചുമതല ഇന്നലയോടെ അവസാനിച്ചു. റഷ്യൻ യാത്രയ്‌ക്ക് ശേഷം തിരിച്ചെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തി വിസിയുടെ ചുമതല ഏറ്റെടുക്കും. അതിനിടെ, സർവകലാശാല ആസ്‌ഥാനം കയ്യേറി എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ ഡിജിപിക്ക് വിസി പരാതി നൽകി.
പ്രക്ഷോഭത്തിൽ സർവകലാശാലയ്‌ക്ക് കനത്ത നഷ്‌ടം ഉണ്ടായെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പോലീസ് നോക്കിനിൽക്കെ ഏതാണ്ട് ഒന്നര മണിക്കൂറോളം സർവകലാശാല ആസ്‌ഥാനം എസ്എഫ്ഐ പ്രവർത്തകർ കൈയ്യടക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാന സെക്രട്ടറി പിഎസ് സഞ്‌ജീവ് ഉൾപ്പടെ 27 പേരെ കന്റോൺമെന്റ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഗവർണർ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ വിസി മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്ന് മോഹനൻ കുന്നുമ്മൽ റഷ്യയ്‌ക്ക് പോയതിനെ തുടർന്ന് ഡോ. സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.
കഴിഞ്ഞദിവസം സിസ തോമസ് ഉൾപ്പടെ സിൻഡിക്കേറ്റ് യോഗം ചേർന്നപ്പോൾ രജിസ്‌ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയതായി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. എന്നാൽ, അജണ്ടയിൽ ഇല്ലാത്ത കാര്യം ചർച്ച ചെയ്യാൻ കഴിയില്ലെന്ന് കാട്ടി യോഗം താൻ പിരിച്ചുവിട്ടിരുന്നുവെന്നും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നുമാണ് സിസ തോമസ് പറയുന്നത്.
തുടർന്ന് രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പന് നൽകിയതായും വിസി അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടപെടാതിരുന്ന സാഹചര്യത്തിൽ രജിസ്ട്രാർ ഡോ. അനിൽകുമാർ തിരികെ ചുമതലയേറ്റു. ഇതോടെ സർവകലാശാലയിൽ രണ്ട് രജിസ്ട്രാർമാർ ഉള്ള അവസ്‌ഥയാണ് നിലവിൽ. ഇതിനിടെയാണ് അനിൽകുമാറിന് വിസി നോട്ടീസ് അയച്ചത്.
Most Read| പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?