തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. വിസി സസ്‌പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്‌ത രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും, വിസി രജിസ്‌ട്രാറുടെ പൂർണ ചുമതല നൽകിയ പ്ളാനിങ് ഡയറക്‌ടർ ഡോ. മിനി ഡിജോ കാപ്പനും ഒരേസമയം രജിസ്ട്രാർ കസേരയിലിരുന്ന് ഫയലുകൾ പരിശോധിച്ച് തുടങ്ങിയതോടെയാണ് സർവകലാശാലയിൽ കേട്ടുകേൾവിയില്ലാത്ത ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
അതിനിടെ, ഡോ. കെഎസ് അനിൽ കുമാർ പരിശോധിച്ച് അയച്ച മൂന്ന് ഫയലുകൾ വിസി ഡോ. മോഹനൻ കുന്നുമ്മൽ ഒപ്പിടാതെ തിരിച്ചയച്ചു. സസ്‌പെൻഷനിലുള്ള രജിസ്ട്രാർക്ക് എങ്ങനെയാണ് ഫയൽ പരിശോധിച്ച് അയക്കാൻ കഴിയുക എന്ന കുറിപ്പോടെയാണ് വിസി ഫയലുകൾ മടക്കിയത്. എന്നാൽ, ഡോ. മിനി കാപ്പൻ അയച്ച 25 ഇ-ഫയലുകളിൽ വിസി ഒപ്പുവെച്ചു.
അനിൽ കുമാർ പരിശോധിക്കുന്ന ഫയലുകൾ തനിക്ക് അയക്കരുതെന്ന് വിസി ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. അത്യാവശ്യ ഫയലുകൾ ആണെങ്കിൽ നേരിട്ട് അയക്കാനും വിസി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സർവകലാശാലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റിലെ ബിജെപി അനുകൂല അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
സർവകലാശാലയിൽ സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും കേന്ദ്രസേനയുടെ സഹായം വേണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെടും. രജിസ്ട്രാർ രേഖകൾ കടത്താൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. അതേസമയം, അനിൽ കുമാർ ഇന്നും ഓഫീസിലെത്തി.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം