കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് സംസ്‌ഥാന നേതാക്കൻമാർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് കേസ്. ഇന്നലെ രാവിലെ മുതൽ ഇരു സംഘങ്ങളായി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
സംഘട്ടനത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. പലതവണ പോലീസ് ലാത്തിവീശിയാണ് സംഘർഷം നിയന്ത്രിച്ചത്. സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വൻ പോലീസ് സന്നാഹമാണ് ക്യാമ്പസിൽ നിലയുറപ്പിച്ചത്. തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി.
അതേസമയം, കാസർഗോഡ്, വയനാട് ജില്ലാ നിർവാഹക സമിതി അംഗംങ്ങളായി യുഡിഎഫ് പ്രതിനിധികൾ ജയിച്ചു. എന്നാൽ, കള്ളവോട്ടിലൂടെയാണ് യുഡിഎഫ് ജയിച്ചതെന്നാരോപിച്ചു എസ്എഫ്ഐ രംഗത്തെത്തി. സർവകലാശാല അധികൃതർക്ക് ഉൾപ്പടെ പരാതി നൽകാനുള്ള നീക്കത്തിലാണ് എസ്എഫ്ഐ. യുയുസിമാരിൽ പലരും വോട്ട് ചെയ്യാൻ എത്തിയില്ലെന്നും ഇവരുടെ പേരിൽ കള്ളവോട്ട് ചെയ്‌തിട്ടുണ്ടെന്നുമാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
കാസർഗോഡ് നിർവാഹക സമിതി അംഗമായി യുഡിഎഫ് സ്‌ഥാനാർഥി വിജയിച്ചത് ഒരു വോട്ടിനാണ്. എംഎസ്എഫിന്റെ എംടിപി ഫിദയാണ് വിജയിച്ചത്. വോട്ടിങ് തുല്യനിലയിലായിരുന്ന വയനാട് സീറ്റിൽ യുഡിഎഫിന്റെ മുഹമ്മദ് നിഹാൽ നറുക്കെടുപ്പിലൂടെയാണ് ജയിച്ചത്. കഴിഞ്ഞതവണ മുഴുവൻ സീറ്റിലും എസ്എഫ്ഐയായിരുന്നു ജയിച്ചത്.
Most Read| ‘വലിയ വില നൽകേണ്ടി വന്നാലും വിട്ടുവീഴ്‌ചയ്‌ക്കില്ല’; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി